Wednesday, July 14, 2010

മണ്ണ്, മരങ്ങൾ, മലയാളം,മനുഷ്യത്വം....!

2010 ജൂലൈ 11 നു തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ വച്ചു നടന്ന നടന്ന കൂട്ടം കേരള സംഗമം പലതു കൊണ്ടും ശ്രദ്ധേയമായി മാറി. കാസർകോട് മുതൽ പാറശാല വരെയുള്ള കൂട്ടം അംഗങ്ങളാണ് ഇവിടെ ഒത്തുകൂടിയത്.മലയാളത്തിലെ ഏറ്റവും വലിയ സോഷ്യൽ നെറ്റ്വർക്കിംഗ് സൈറ്റാണ് കൂട്ടം.http://www.koottam.com/



കുരീപ്പുഴ ശ്രീകുമാറിന് നീരമാതളം നൽകുന്നത് സുഗതകുമാരി. വേദിയിൽ ധനലക്ഷ്മി,ജ്യോതികുമാർ,ഷാഫി, ജയൻ ദാമോദരൻ



രാവിലെ പത്തരമണിയ്ക്ക് മലയാളത്തിന്റെ പ്രിയ കവയിത്രി സുഗതകുമാരിയാണ് സംഗമം ഉദ്ഘാടനം ചെയ്തത്.  മണ്ണും മരങ്ങളും മാതൃഭാഷയും മനുഷ്യത്വവും പ്രിയങ്കരമായ കൂട്ടം നടത്തുന്ന ജീവകാരുണ്യപ്രവർത്തനങ്ങളെയും, ഭാഷാപ്രോത്സാഹനത്തെയും കവയിത്രി അനുമോദിച്ചു.
കൂട്ടം സംഗമം - ഉദ്ഘാടനം സുഗതകുമാരി.

ഈ സംഗമത്തിൽ ബ്ലോഗർമാരായ പോങ്ങുമ്മൂടൻ, കുമാരൻ, അപ്പൂട്ടൻ, കേരളഫാർമർ,അങ്കിൾ,വെള്ളായണി വിജയൻ, സി.എൻ.ആർ.നായർ, ചാർവാകൻ, വിപിൻ വിൽഫ്രഡ്, കൊച്ചുനാരായണൻ, എൻ.പി.റ്റി, ഖാസിം,കുസുമം, സജിം തട്ടത്തുമല, പ്രവീൺ രവീന്ദ്രൻ തുടങ്ങിയവരും പങ്കെടുത്തു. കൂട്ടം അംഗങ്ങൾ കൂടിയാണ് ഇവർ.
                               പൊങ്ങുമ്മൂടൻ, ജയൻ ദാമോദരൻ (ഏവൂർ),കുമാരൻ

അന്തിക്കാടൻ, അങ്കിൾ,സി.എൻ.ആർ നായർ, ദേവു, കേരള ഫാർമർ

ഉദ്ഘാടന പ്രസംഗം നടത്തിയ കൂട്ടം അഡ്മിനിസ്ട്രേറ്റർ എൻ.എസ്.ജ്യോതികുമാർ, സുഗതകുമാരി അമരക്കാരിയായ ‘അഭയ’യിലെ പാവങ്ങൾക്കായി ധനസമാഹരണം നടത്തി  തിരുവോണക്കൈനീട്ടമായി ഈ വർഷം നൽകും എന്നു പ്രഖ്യാപിച്ചത് സദസ്സ് കയ്യടിയോടെ എതിരേറ്റു.
                                 ഷിബു , സജിം തട്ടത്തുമല

                            ഷിബു.കെ.ഭാസ്കർ,അപ്പൂട്ടൻ, പ്രവീൺ രവീന്ദ്രൻ....


കൂട്ടം അംഗം കൂടിയായ കവി കുരീപ്പുഴ ശ്രീകുമാർ തുടർന്ന് സദസ്സ് കീഴടക്കി.കാല്പനിക സുന്ദരമായ ആലാപനത്തിലൂടെ അനുവാചകരെ രസിപ്പിച്ച കുരീപ്പുഴ, തന്റെ ‘നഗ്നകവിത’കളിലൂടെ സദസ്സിനെ ചിരിപ്പിച്ച് അദ്ഭുതം കാ‍ട്ടി. യഥാർത്ഥ ജീനിയസിന്റെ പ്രകടനമായിരുന്നു അത്.
                                                    കുരീപ്പുഴ ശ്രീകുമാർ


അതിനുശേഷം പ്രശസ്ത ബ്ലോഗറും, കൂട്ടം അംഗവുമായ കുമാരൻ രചിച്ച ‘കുമാരസംഭവങ്ങൾ’ എന്ന പുസ്തകം സദസ്സിന് ജയൻ ദാമോദരൻ പരിചയപ്പെടുത്തി. കുമാരസംഭവങ്ങളുടെ വില്പനയും തുടർന്നു നടന്നു.
                                       കുമാരന്റെ പുസ്തകം പരിചയപ്പെടുത്തുന്നു

ജീവകാരുണ്യപ്രവർത്തനങ്ങളിൽ ഏറെ ശ്രദ്ധിക്കുന്ന കൂട്ടം, ക്യാൻസർ ബാധിതയായ, കവയിത്രികൂടിയായ, രമ്യ ആന്റണിക്ക് മൂന്നു ലക്ഷം രൂപ സഹായമായി ശേഖരിച്ചിരുന്നു. ഇതിന്റെ പാസ് ബുക്ക് കൂട്ടം അഡ്മിനിസ്ട്രേറ്റർ ജ്യോതികുമാർ രമ്യയ്ക്കു നൽകി. ഒപ്പം തന്റെ ജോലി പൊലും ഉപേക്ഷിച്ച് രമ്യയെ സഹായിക്കാൻ ഒപ്പം കൂടിയ കൂട്ടം അംഗം ജോഷിയെ അഭിനന്ദിക്കുകയും ചെയ്തു.
                              ധനലക്ഷ്മി,ജ്യോതികുമാർ,രമ്യ ആന്റണി, കുരീപ്പുഴ

ഇതു കൂടാതെ വിജേഷ്, പ്രീത, റിക്സൺ,വിജയകൃഷ്ണൻ തുടങ്ങിയവർക്കും കൂട്ടം ധനസഹായം നൽകിയിട്ടുണ്ട്. രമ്യ ആന്റണിയുടെ കവിതാസമാഹാരം ശലഭായനം പ്രസിദ്ധീകരിച്ചത് കൂട്ടം ബുക്സ് ആണ്.
                            രമ്യ കൂട്ടുകാർക്കൊപ്പം


രണ്ടു വ്യത്യസ്ത വാഹനാപകടങ്ങളിൽ മൺ മറഞ്ഞ ശ്രീജു, റോമിയോ എന്നീ കൂട്ടം അംഗങ്ങളെ  അനുസ്മരിച്ചു.ശ്രീജുവിനെക്കുറിച്ചുള്ള ഡോക്യുമെന്ററി പ്രദർശിപ്പിച്ചു. റോമിയോയെ പ്രശസ്ത ബ്ലോഗർ - കൂട്ടം അംഗവും റൊമിയോയുടെ അദ്ധ്യാപകനുമായസജിം തട്ടത്തുമല അനുസ്മരിച്ചു.

ഏറെ നാളായി കാണണം എന്നാഗ്രഹിച്ച നിരവധി കൂട്ടം അംഗങ്ങൾ ഈ സംഗമത്തിലൂടെ ജീവിതത്തിലാദ്യമായി കണ്ടു മുട്ടി!


അവർക്കൊക്കെ സ്നേഹസമ്മാനമായി നീർമാതളം, അശോകം, നെല്ലി, മാതളം, ആര്യവേപ്പ്, ഇലഞ്ഞി എന്നീ മരങ്ങളുടെ തൈകൾ നൽകി. ചിലർ ഒന്നിലേറെ തൈകൾ ആവേശപൂർവം കൊണ്ടുപോയി. ഒരാൾ തനിക്കു കിട്ടിയ തൈ നട്ട് അതിന്റെ ഫോട്ടൊ സഹിതം ബ്ലോഗിൽ ഇട്ടിട്ടുമുണ്ട്. കേരളഫാർമർ

                                ജ്യോതിതികുമാർ പത്നിയ്ക്കും മകനുമൊപ്പം

മണ്ണ്, മരങ്ങൾ, മലയാളം, മനുഷ്യത്വം എന്ന മുഖവാചകത്തോടെ നടത്തിയ ഈ സംഗമത്തെക്കുറിച്ച് മലയാളം പത്രങ്ങളേക്കാൾ പ്രചാരം നൽകിയത് ഇംഗ്ലീഷ് പത്രങ്ങളായിരുന്നു എന്നത് പ്രത്യേകം പ്രസ്താവ്യമാണ്.


ജയൻ,ധനലക്ഷ്മി,അജിത്ത്,ആൽബി,ജോഷി,ദേവു,റെംസ് എന്നിവർ ചേർന്നതായിരുന്നു സംഘാടക സമിതി.
                              അശോക്, ആൽബി, അജിത്ത്, ദേവു, റെംസ്

മണ്ണ്, മരങ്ങൾ, മലയാളം, മനുഷ്യത്വം!

കൂട്ടം  നിങ്ങളെ ക്ഷണിക്കുന്നു.വരൂ സുഹൃത്തുക്കളെ.... നമുക്ക് അണിചേരാം....!


ചിത്രങ്ങൾക്കു കടപ്പാട്: എൻ.പി.റ്റി.