Monday, December 8, 2014

എയ്ഡ്സും തൊട്ടുകൂടായ്മയും


ലോക എയ്ഡ്സ് ദിനത്തിൽ  http://www.southlive.in ൽ പ്രസിദ്ധീകരിച്ചത്.

 
എട്ടു വര്‍ഷം മുന്‍പ് ഒരു ഡിസംബര്‍ ഒന്നിന്, ഇരുന്നൂറിലേറെ വരുന്ന കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസെടുക്കുന്നതിനിടെ ഒരു ചോദ്യം ചോദിച്ചു. 'നിങ്ങള്‍ക്കൊരു വിവാഹാലോചന വരുന്നു. പയ്യന്‍ / പെണ്ണ് നല്ല വിദ്യാഭ്യാസവും സന്ദര്യവും ഉള്ളയാള്‍. സര്‍ക്കാര്‍ ജോലിയുമുണ്ട്. എന്നാല്‍ ഒരു പ്രശ്‌നം. അയാളുടെ പിതാവ് എച്ച്.ഐ.വി. ബാധിതനാണ്. നിങ്ങളില്‍ എത്ര പേര്‍ ഈ വിവാഹത്തിനു തയ്യാറാകും?'
 
സദസ്സ് നിശ്ശബ്ദമായി. കുട്ടികള്‍ അങ്ങോട്ടുമിങ്ങോട്ടും നോക്കി. മിക്കവരും നേരേ നോക്കിയതേ ഇല്ല.ഏതാനും നിമിഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ഒരു പെണ്‍കുട്ടി കയ്യുയര്‍ത്തി. ഒരേയൊരു പെണ്‍കുട്ടി!
 
വര്‍ഷങ്ങള്‍ കടന്നു പോയി.
കഴിഞ്ഞയാഴ്ച.
മറ്റൊരു കോളേജില്‍ ഇരുന്നൂറിലേറെ കുട്ടികളുള്ള സദസ്സില്‍ ഇതേ ചോദ്യമുന്നയിച്ചു.
വീണ്ടും നിശ്ശബ്ദത.
പക്ഷേ ഇക്കുറി മൂന്നു പേര്‍ കയ്യുയര്‍ത്തി.
സ്റ്റാറ്റിസ്റ്റിക്കലി സ്പീക്കിംഗ്, കയ്യുയര്‍ത്തിയവരില്‍ 300% വര്‍ദ്ധന!
 
ഇത്രയേ വളര്‍ന്നിട്ടുള്ളു നമ്മള്‍, ഈ 2014 ലും.
 
കേരളത്തില്‍ എയ്ഡ്‌സ് ബോധവല്‍ക്കരണ പരിപാടികള്‍ ആവശ്യമുണ്ടോ? എല്ലാവര്‍ക്കും അതൊക്കെ അറിയില്ലേ എന്ന ചോദ്യത്തിന്റെ ഉത്തരമാണ് ഈ ഉദാഹരണം.
 
സത്യത്തില്‍ കേരളത്തില്‍ എച്ച്.ഐ.വി.രോഗബാധ, ഇന്‍ഡ്യയിലെ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് തുലോം കുറവാണ്. 0.13% മാത്രമാണത്. ഗര്‍ഭിണികളായ സ്ത്രീകളില്‍ നടത്തിയ പരിശോധനാ ഫലമനുസരിച്ച് ഇന്‍ഡ്യയില്‍ ഇരുപത്തിയഞ്ചാം സ്ഥാനത്തു മാത്രമേ കേരളം വരുന്നുള്ളൂ. പക്ഷേ മേല്‍ സൂചിപ്പിച്ച ശതമാനമനുസരിച്ചാണെങ്കില്‍ പോലും എച്ച്.ഐ.വി. അണുബാധയുമായി ജീവിക്കുന്ന കാല്‍ ലക്ഷത്തിലധികം ആളുകള്‍ നമ്മുടെ സംസ്ഥാനത്തുണ്ട്. അവരില്‍ പുരുഷന്മാരുണ്ട്, സ്ത്രീകളുണ്ട്, കുട്ടികളുമുണ്ട്. ഇവര്‍ നമ്മുടെയൊക്കെ കണ്‍ മുന്നില്‍ തന്നെയുണ്ട്. നമ്മള്‍ അവരെ കാണുന്നുമുണ്ട്. തിരിച്ചറിയുന്നില്ല എന്നേയുള്ളൂ.
 
ഒരു ദശാബ്ദം മുന്‍പ് മാധ്യമങ്ങളിലൂടെ പരിചിതരായ ബെന്‍സണ്‍  ബെന്‍സി സഹോദരങ്ങളുടെ കഥ നമുക്കറിയാം. സമൂഹത്തിന്റെ ക്രൂരമായ ഒറ്റപ്പെടുത്തലിന്റെ ഇരകളാണവര്‍. 1997 ല്‍ അച്ഛനും, 2000 ല്‍ അമ്മയും രോഗത്തിനു കീഴടങ്ങി. പിന്നീട് അപ്പൂപ്പനായ ഗീവര്‍ഗീസായിരുന്നു തുണ. അദ്ദേഹം 2005 ല്‍ മരിച്ചു. പിന്നീട് അമ്മൂമ്മ മാത്രമായി തുണ. സന്നദ്ധപ്രവര്‍ത്തകരുടെയും സര്‍ക്കാരിന്റെയും സഹായത്തോടെ ആ കുട്ടികള്‍ക്ക് ചികില്‍സ ലഭ്യമാക്കിയെങ്കിലും, 2010 ല്‍ ബെന്‍സി മരണത്തിനു കീഴടങ്ങി. മരിക്കുമ്പോള്‍ 15 വയസ്സുണ്ടായിരുന്ന അവള്‍ക്ക് ശരീരഭാരം വെറും 16 കിലോ ആയിരുന്നു. അമ്മൂമ്മ സാലമ്മയ്‌ക്കൊപ്പം കഴിയുന്ന അനിയന്‍ ബെന്‍സണ് ഇപ്പോള്‍ പ്രായം 17 ആയിട്ടുണ്ടാവണം.
 
കൊല്ലം ജില്ലയിലെ ഈ കഥപോലെ കണ്ണൂരിലും സംഭവിച്ചു ഒന്ന്. കുട്ടികളുടെ പേര് അനന്തു എന്നും അക്ഷര എന്നുമാണ്. പെറ്റമ്മ ഒപ്പമുള്ളതുകൊണ്ടും, നിരവധി സുമനസ്സുകളുടെ സഹായം ഉണ്ടായതുകൊണ്ടും സാമൂഹികമായ ഒറ്റപ്പെടലില്‍ നിന്നും, സാമ്പത്തിക പരാധീനതകളില്‍ നിന്നും അവര്‍ കരകയറി. അക്ഷര ആത്മധൈര്യമുള്ള പെണ്‍കുട്ടിയായി വളര്‍ന്നു വരികയും ചെയ്തു. കുറച്ചു കാലം മുന്‍പ് ആ കുടുംബത്തെ കൈരളി ചാനലിലെ ഒരു ഷോയില്‍ കണ്ടിരുന്നു.അമ്മ രമ ഇന്ന് എച്ച്.ഐ.വി. ബോധവല്‍ക്കരണ പരിപാടികളിലെ ഒരു പോസിറ്റീവ് സ്പീക്കര്‍ ആണ്. അക്ഷരയാവട്ടെ തന്റെ സുഹൃത്തുക്കള്‍ നല്‍കി വരുന്ന പിന്തുണയിലും, സ്‌നേഹത്തിലും ധൈര്യപൂര്‍വം ജീവി്തത്തെ നേരിടുന്നു. ഒപ്പം അനിയന്‍ അനന്തുവും. അവര്‍ക്ക് ഒരു മൂത്ത സഹോദരി കൂടിയുണ്ട്. അവളെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ആ കുടുംബത്തിന് മൂടി വയ്‌ക്കേണ്ടി വരുന്നു. എന്‍ജിനീയറിംഗ് വിദ്യാര്‍ത്തിനിയായ ആ കുട്ടി സമൂഹത്തില്‍ വെളിപ്പെട്ടാലുണ്ടാകുന്ന ഭവിഷ്യത്ത് അവര്‍ക്കറിയാം എന്നതുകൊണ്ടു മാത്രമാണത്. ഇന്നും ഇതാണ് കേരള സമൂഹം.
 
ഇവര്‍ നാടറിയുന്ന 'ഇന്നസന്റ് വിക്ടിംസ്' ആണെങ്കില്‍, അധികമാരുമറിയാതെ കഴിയുന്ന എച്ച്.ഐ.വി.ബാധിതരായ നിരവധി കുഞ്ഞുങ്ങള്‍ ഇന്നാട്ടിലുണ്ട്. ധൈര്യപൂര്‍വം അവര്‍ക്കും ഈ സമൂഹത്തിന്റെ മുഖ്യധാരയിലേക്കു വരാനും, വിവേചനരഹിതമായി സ്വാതന്ത്ര്യമനുസരിച്ച് കൗമാര യൗവനങ്ങള്‍ ചിലവിടാനുമുള്ള അവസരമാണ് നമ്മള്‍ ഒരുക്കേണ്ടത്. അവരുടെ മാതാപിതാക്കള്‍ യാത്രാമധ്യേ കൊഴിഞ്ഞു വീണാലും അവര്‍ക്കു കൈത്താങ്ങായി ഒപ്പമുണ്ടാകാനുള്ള സന്നദ്ധതയാണ് നാം പ്രദര്‍ശിപ്പിക്കേണ്ടത്.
 
അബദ്ധവശാല്‍ പകരുന്ന ഒരു രോഗമല്ല എച്ച്.ഐ.വി. ഇന്ന്. ലൈംഗികബന്ധത്തിലൂടെയോ, ഞരമ്പു വഴിയുള്ള മയക്കു മരുന്ന് ഇഞ്ചക്ഷനിലൂടെയോ അല്ലാതെ അതു പകരുന്നത് തുലോം വിരളമാണ്. രക്തബാങ്കുകളും, ആശുപത്രി ഇഞ്ചക്ഷനുകളും അങ്ങേയറ്റം എച്ച്.ഐ.വി. മുക്തമാണ്. അതുകൊണ്ടു തന്നെയാണ് കേരളത്തിലെ എച്ച്.ഐ.വി. ബാധയുടെ തോത് 0.13% ല്‍ നില്‍ക്കുന്നതും. ഇങ്ങനെയൊക്കെയാണെങ്കിലും നമ്മള്‍ ജാഗരൂകരാകേണ്ടതുണ്ട്. പുകവലി വളരെ കുറയുകയും, മദ്യപാനം അങ്ങേയറ്റം കൂടുഅക്യും ചെയ്ത ഒരു സമൂഹമാണ് മലയാളികളുടേത്. എന്നാല്‍ ഇന്‍ട്രാവീനസ് ഡ്രഗ് യൂസ് മെല്ലെ കൂടിവരുന്നോ എന്ന സംശയമുണ്ട്. ചെറിയൊരു ശതമാനം ആളുകളില്‍ സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം ഇന്നും നിലനില്‍ക്കുകയും ചെയ്യുന്നു. അതുകൊണ്ട് 0% എച്ച്.ഐ.വി. ബാധ എന്ന ലക്ഷ്യത്തിലെത്താന്‍ നമുക്ക് പ്രതിരോധ  ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ഇനിയും ശക്തമാക്കേണ്ടതുണ്ട്. പ്രത്യേകിച്ചും 20 ലക്ഷത്തിനു മേല്‍ അന്യഭാഷാ തൊഴിലാളികള്‍ നമ്മുടെ നാട്ടില്‍ സജീവ സാന്നിധ്യമായ സാഹചര്യത്തില്‍. ഇവരില്‍ ഭൂരിഭാഗമാളുകളും പ്രാഥമിക വിദ്യാഭ്യാസം പോലും പൂര്‍ത്തിയാക്കാത്തവരാണ് എന്നത് നമ്മുടെ ശ്രമം ദുഷ്‌കരമാക്കുകയും ചെയ്യുന്നു. (എച്ച്.ഐ.വി. മാത്രമല്ല, മറ്റു പല സാംക്രമികരോഗങ്ങളും പരത്താനുള്ള സ്രോതസ്സുകളായി ഈ ജനസമൂഹം മാറിയിരിക്കുന്നു. ഇവിടെ സാധാരണമല്ലാതിരുന്ന മലേറിയ ഇന്നു പലയിടങ്ങളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നത് ഒരുദാഹരണം മാത്രം). എച്ച്.ഐ.വി. പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ ഈ സമൂഹത്തെ കൂടി പരിഗണിച്ചുകൊണ്ടുള്ള പുതുക്കിയ കര്‍മ്മ പദ്ധതികള്‍ കേരളത്തില്‍ ആവിഷ്‌കരിക്കേണ്ടിയിരിക്കുന്നു.
 
20 വയസ്സില്‍ എച്ച്.ഐ.വി.ക്കെതിരായ ചികില്‍സ തുടങ്ങിയാല്‍ അടുത്ത 40 വര്‍ഷമെങ്കിലും ജീവിതം തുടരാനുതകുന്ന മരുന്നുകള്‍ ഇന്നു ലഭ്യമാണ്. തല്‍ക്ഷണം കൊല്ലുന്ന ഒരസുഖമല്ല എച്ച്.ഐ.വി. ബാധ ഇന്ന്. ശ്രദ്ധയോടെ ജീവിച്ചാല്‍ ദീര്‍ഘകാലം ഒപ്പം കൊണ്ടു നടക്കാവുന്ന ഒന്നായി അതു മാറിയിരിക്കുന്നു. നമുക്കു ചെയ്യാവുന്നത് അത്രകാലം അവരെ നമ്മുടെയൊപ്പം കൂട്ടുക എന്നതാണ്. കൂര്‍ത്ത കണ്മുനകളാലും, മൂര്‍ച്ചയുള്ള വാക് ശരങ്ങളാലും അത്രകാലം അവരെ പീഡിപ്പിക്കാതിരിക്കുക എന്നതാണ്. അതിനേക്കാളുപരി അവര്‍ക്കൊപ്പം കൂടി നാമെല്ലാം ഒരു സമൂഹത്തിന്റെ തന്നെ തുല്യ ഭാഗധേയാവകാശമുള്ള പൗരന്മാരാണ് എന്നു പ്രഖ്യാപിക്കലാണ്. 2014 ലെ ലോക എയ്ഡ്‌സ് ദിനത്തില്‍ അതാവും നമുക്കു ചെയ്യാനാവുന്ന ഏറ്റവും നല്ല കാര്യം

3 comments:

  1. തല്‍ക്ഷണം കൊല്ലാത്ത ഈ എച്ച്.ഐ.വി. ബാധയുള്ളവരുമായി പലപ്പോഴായി ഇടപെട്ടിട്ടുണ്ട് ഞാൻ .., പിന്നെ നാട്ടിലെ പോലെ ആ ഐത്തം ഇവിടെയില്ല കേട്ടൊ .

    ReplyDelete
  2. നല്ല ലേഖനം. പിന്നെ ആ വിവാഹത്തിന്റെ കാര്യത്തില്‍, അത് എയ്ഡ്സ് ആകണമെന്നില്ല, പാണ്ടുരോഗമാണെങ്കിലും 'നമുക്കു വേറെ നോക്കിയാലോ' എന്നുതന്നെയാവും ഒരു ശരാശരി മലയാളി ചിന്തിക്കുക എന്നു തോന്നുന്നു. ഒരു ക്രോണിക് രോഗമുള്ളയാളുടെ വീട്ടിലേയ്ക്ക് പോകുന്നതിലുള്ള വൈമനസ്യമായിട്ടേ അതിനെ കാണേണ്ടൂ.

    പക്ഷേ എയ്ഡ്സ് രോഗികളുടെ മൌലികാവകാശങ്ങളുടെ മേല്‍ കൈവയ്ക്കാനുള്ള സമൂഹത്തിന്റെ പ്രവണതയെ എതിര്‍ക്കണം. എല്ലാവരേയും പോലെ സമൂഹത്തില്‍ ജീവിയ്ക്കാനും ജോലിചെയ്യാനും ഡോക്ടര്‍മാരൊഴികെയുള്ളവരില്‍നിന്ന് അവരുടെ രോഗാവസ്ഥ മറയ്ക്കാനുമുള്ള അവരുടെ അവകാശം മാനിച്ചേ തീരൂ.

    ReplyDelete